ചാവക്കാട്: തൃശ്ശൂരിനെ നടുക്കി വീണ്ടും മിന്നല്‍ച്ചുഴലി. വീശിയടിച്ച മിന്നല്‍ച്ചുഴലിയില്‍ ചാവക്കാട് മേഖലയില്‍ കനത്ത നാശമാണുണ്ടായത്. മരങ്ങള്‍ കടപുഴകിയും മേല്‍ക്കൂര ചിതറിത്തെറിച്ചും ഇരുപതോളം വീടുകള്‍ക്ക് ആണ് കേടുപാടുകള്‍ സംഭവിച്ചത്.
2 മിനിറ്റ് മാത്രമാണു കാറ്റ് വീശിയതെങ്കിലും മേഖലയാകെ പേടിയില്‍ വിറങ്ങലിച്ചു. പലയിടങ്ങളിലും ജനം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ദേശീയപാതയിലടക്കം മുപ്പതോളം ഇടങ്ങളില്‍ മരങ്ങള്‍ മറിഞ്ഞുവീണു. വീടുകളുടെ ഓടുകള്‍ വായുവില്‍ പറക്കുന്നതുകണ്ട ജനം പരിഭ്രാന്തരായി. കടകളുടേതടക്കം മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോയി.
also read: മങ്കിപോക്സ്; എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം, കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്
വൈദ്യുതിബന്ധം വ്യാപകമായി തടസ്സപ്പെട്ടു. തിരുവത്ര, പുതിയറ, കോട്ടപ്പുറം, ചീനിച്ചുവട് മേഖലകളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.37ന് ആണു മിന്നല്‍ച്ചുഴലി വീശിയത്.
കിഴക്കുദിശയില്നിന്നു പടിഞ്ഞാറേക്കു ചുഴറ്റിവീശിയ കാറ്റില്‍ തിരുവത്ര ചീനിച്ചുവട് കേരന്റകത്ത് അബുസാലി, എസി പടിക്കു കിഴക്ക് രാമി നജു, പുതിയറ കരിപ്പോട്ട് വിബിന്, പുതിയറയില്‍ രാമി ഷാജി, രാമി നഫീസു, പേള ഹസൈനാര്‍, രാമി ഹംസക്കുട്ടി, കോഴിക്കോട്ടാളന്‍ അബൂബക്കര്‍, കോഴിക്കോട്ടാളന്‍ മനാഫ്, കോട്ടപ്പുറത്ത് ബദറു, കോട്ടപ്പുറത്ത് അബ്ബാസ് എന്നിവരുടെ വീടുകള്‍ നാശമുണ്ടായി.