മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരില്‍ വീണ്ടും കൊലപാതകശ്രമം. മലപ്പുറത്താണ് സംഭവം. 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന് അറസ്റ്റിലായി. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ചയാണ് സംഭവം.
യുവാവിനെ തള്ളിയിട്ട് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു പെണ്‍കുട്ടി. രാവിലെ എട്ട് മണിയോടെ പെരിന്തല്‍മണ്ണ ആനമങ്ങാട് ടൗണിലെ ട്യൂഷന് സെന്ററിന് സമീപമാണ് സംഭവം. വീട്ടില്‍നിന്ന് ബാഗില്‍ കത്തിയുമായാണ് ജിനേഷ് ആനമങ്ങാട് എത്തിയത്.
also : ഇന്നും അതിശക്തമായ മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ട്യൂഷന് സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിച്ചു. കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ച് ആളുകള്‍ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇതിനിടെ വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു. വീഴ്ചയില്‍ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്.