കോഴിക്കോട്: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് ദിവസങ്ങളോളം ഭക്ഷണം നല്കി തുണയായി വീട്ടമ്മ. കോഴിക്കോട് വാവാട് കുന്നുമ്മല്‍ നഫീസയാണ് കിണറ്റില്‍ വീണ നായയ്ക്ക് ആറ് ദിവസം ഭക്ഷണം നല്കി ജീവന് നിലനിര്‍ത്തിയത്. ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഒടുവില്‍ നായയെ പുറത്തെത്തിച്ചു.
വാവാട് കുന്നുമ്മല്‍ അബ്ദുറഹിമാന്റെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് തെരുവുനായ വീണത്. കിണറ്റിനുള്ളില്‍ നിന്നും നിര്‍ത്താതെയുള്ള കരച്ചില് കേട്ട് നോക്കിയപ്പോഴാണ് നായയെ നഫീസ കണ്ടത്. നഫീസയും കുടുംബവും നാട്ടുകാരും ചേര്‍ന്ന് നായയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അഗ്നിരക്ഷാസേനയോട് ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ആറ് ദിവസത്തോളം നായ കിണറ്റില്‍ തന്നെ കഴിഞ്ഞു. നായയുടെ ജീവന് നിലനിര്‍ത്താന്‍ നഫീസ ഭക്ഷണം കയറില്‍ കെട്ടി കിണറ്റിലേക്ക് ഇറക്കുകയായിരുന്നു. ആറ് ദിവസം മുടങ്ങാതെ നഫീസ ഭക്ഷണം കൊടുത്തു.
വാട്സ്ആപ്പ് വഴി വിവരമറിഞ്ഞ ഇന്‍സൈറ്റ് ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ഒടുവില്‍ നായയെ പുറത്തെത്തിച്ചത്.