കാസര്‍ഗോഡ്: തോടിന്റെ അരികിടിഞ്ഞ് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് വീണ സഹോദരിമാര്‍ക്ക് രക്ഷകയായി കൊച്ചുമിടുക്കി. കാസര്‍ഗോഡ് ജില്ലയിലാണ് സംഭവം. ശ്രീദുര്‍ഗാദാസ് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരികളായ ബി.നന്ദനയുടെയും ബി.നിരഞ്ജനയുടെയും ജീവന് തുണയായത്.
കഴിഞ്ഞ ദിവസം നൃത്തപഠനം കഴിഞ്ഞ് സുഹൃത്തുക്കളായ ശ്രീദുര്‍ഗാദാസ്, നന്ദന, നിരഞ്ജന, ഗായത്രിദാസ് എന്നിവര്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കനത്ത മഴയില്‍ കുട പിടിച്ച് നടക്കുന്നതിനിടെ വയലാംകുഴി തോടിന്റെ അരികിടിഞ്ഞ് കോളിയടുക്കം വയലാംകുഴിയിലെ ബി.അരവിന്ദാക്ഷന്റെയും കെ.സുമയുടെയും മകളായ ബി.നിരഞ്ജന തോട്ടിലേക്ക് വീണു.
also read: മംഗലാപുരത്ത് ഉരുള്‍പൊട്ടല്‍, മലയാളികളായ റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
സഹോദരി വീണതുകണ്ട് രക്ഷിക്കാനായി നന്ദനയും തോട്ടിലേക്കു ചാടി. എന്നാല്‍ വെള്ളവും ഒഴുക്കും കൂടുതലായിരുന്നു. നീന്തലറിയാത്തതിനാല്‍ ഇവര്‍ക്ക് കരയിലേക്കെത്തുമായില്ല. അപകടം മനസ്സിലാക്കി, നീന്തലറിയാമായിരുന്ന ശ്രീദുര്‍ഗാദാസ് സ്വന്തം ജീവന് പോലും മറന്ന് തോട്ടിലേക്കു ചാടി.
ഇരുവരെയും രക്ഷിച്ചു. കരയിലുണ്ടായിരുന്ന ഗായത്രിദാസ് കയ്യിലെ കുട നീട്ടി ഇവരെ കരയിലേക്കു കയറാന്‍ സഹായിച്ചു. വയലാംകുഴിയിലെ കെ.വി.തുളസിദാസിന്റെയും സുമിതയുടെയും മകളാണ് സഹോദരിമാരെ രക്ഷിച്ച ശ്രീദുര്‍ഗാദാസ്. ചെമ്മനാട് ജിഎച്ച്എസ്എസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.