തൃശ്ശൂര്‍: തീവണ്ടിയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും ഇവരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പെണ്‍കുട്ടിയും പിതാവും മൊഴി നല്കി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു.
എറണാകുളം ജങ്ഷനില്‍നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയിലാണ് അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്. ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി അതിക്രമം നടത്തിയവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറഞ്ഞു.
also read: യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം, നടന് ഷമ്മി തിലകനെ അമ്മയില്‍ നിന്നും പുറത്താക്കി
ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഇതിനെ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. അഞ്ചംഗസംഘത്തിന്റെ ഉപദ്രവത്തിനെതിരേ മലപ്പുറം സ്വദേശിയായ ഒരു യുവാവ് പ്രതികരിച്ചു.
എന്നാല്‍ ഇയാളെ മര്‍ദിക്കാനായിരുന്നു അക്രമിസംഘത്തിന്റെ ശ്രമം. ഇതിന്റെ ചില ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇടപ്പള്ളി സ്റ്റേഷനില്‍ വെച്ച് പിതാവ് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു. സംഭവം പോലീസില്‍ അറിയിക്കാമെന്നും തൊട്ടടുത്ത സ്റ്റേഷനില്‍നിന്ന് പോലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പോലീസുകാര്‍ വന്നില്ല.
ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല. ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി സംഘത്തിലെ അഞ്ചുപേരും ഇറങ്ങിപ്പോയിരുന്നു. തീവണ്ടി പിന്നീട് തൃശ്ശൂരില്‍ എത്തിയപ്പോളാണ് റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.