ആലുവ: തന്റൊപ്പം വീടുവിട്ടിറങ്ങി വന്ന പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതിയുമായി ലെസ്ബിയന്‍ പ്രണയിനി. ആലുവ സ്വദേശിയായ ആദിലയാണ് പോലീസില്‍ പരാതി നല്‍കിയത്. കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആദില.
തന്റെ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടതായി ആദില പറയുന്നു. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. സൗദിയിലെ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന് താമരശ്ശേരി സ്വദേശിയായ 23 കാരിയുമായി അടുക്കുന്നത്.
ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് വെച്ച് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും.
എന്നാല്‍ ഇവിടെ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചു. സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പെട്ടന്നൊരുദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്.