മലപ്പുറം: തമിഴ്നാട്ടിൽ പഠിക്കാനെത്തിയ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി പെൺകുട്ടി. നാട്ടിലേക്ക് കടന്നുകളഞ്ഞ യുവാവിനെ തേടി തമിഴ്നാട് സ്വദേശിനി മലപ്പുറത്തെ യുവാവിന്റെ വീടിനു മുന്നിൽ സമരം ചെയ്യുകയാണ്. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ വീടിനു മുന്നിലാണ് പഴനി സ്വദേശിയായ പെൺകുട്ടി മൂന്നു ദിവസമായി സമരം ചെയ്തത്.
തമിഴ്നാട്ടിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെൺകുട്ടിയെ പഠനാവശ്യത്തിനു ചെന്ന യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മാസങ്ങളോളം ഒന്നിച്ചു താമസിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ശേഷം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് മഞ്ചേരിയിലേക്ക് വന്നത്.
എന്നാൽ ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായതോടെ മഞ്ചേരിയിലേക്ക് തിരഞ്ഞുവരികയായിരുന്നു. യുവാവ് കൈമലർത്തിയതോടെ പെൺകുട്ടി യുവാവിന്റെ വീടിനു മുന്നിൽ സമരം ആരംഭിച്ചു. ഇതോടെ യുവാവിനൊപ്പം കുടുംബവും വീടും പൂട്ടി കടന്നുകളഞ്ഞിരിക്കുകയാണ്.
അതേസമയം, ഒടുവിൽ പീഡനം നടന്നത് ചെന്നൈയിൽ ആയതുകൊണ്ട് തമിഴ്നാട് പോലീസ് കേസെടുക്കണമെന്ന് കേരള പോലീസ് പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. രാവും പകലുമില്ലാതെ വീട്ടുമുറ്റത്ത് സമരം നടത്തിയ പെൺകുട്ടിയെ മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.