കട്ടപ്പന: യുവാവിന്റെ മൂക്കിനുള്ളില്‍ കുടുങ്ങിയ കുളയട്ടയെ മൂന്നാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്തു. കട്ടപ്പന വാലുമ്മേല്‍ ഡിബി (37) ന്റെ മൂക്കില്‍നിന്നാണ് രക്തംകുടിച്ച് വീര്‍ത്ത കുളയട്ടയെ ഡോക്ടര്‍ പുറത്തെടുത്തത്. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതിനിടെയാണ് കുളയട്ട മൂക്കിനുള്ളില്‍ കയറിയത്.
എന്നാല്‍ സംഭവം ഡിബിന്‍ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഡിബിന്‍ നിര്‍ത്താതെ തുമ്മല്‍ തുടങ്ങി. അലര്‍ജിയാണെന്നു കരുതി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍നിന്നും രക്തസ്രാവം തുടങ്ങി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അവിടെനിന്നും നല്കിയ തുള്ളിമരുന്ന് മൂക്കിലൊഴിച്ചു. എന്നാല്‍, രക്തസ്രാവവും തുമ്മലും തുടര്‍ന്നു. വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ആയുര്‍വേദ ആശുപത്രിയില്‍നിന്നും മൂക്കിലൊഴിക്കാനുള്ള മരുന്ന് വാങ്ങി. ഇതിനിടെ, മറ്റെന്തെങ്കിലും ഗുരുതരരോഗം ആകാമെന്നും സംശയിച്ചു.
കട്ടപ്പനയില്‍ ഇ.എന്‍.ടി. ഡോക്ടറായ ശ്രീജമോളെ സമീപിച്ചു. പരിശോധനയില്‍, മൂക്കിനുള്ളില്‍ ചെറുജീവി അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍, നാലുസെന്റീമീറ്റര്‍ വലുപ്പമുള്ള അട്ടയെ പുറത്തെടുത്തു. അട്ടയെ കണ്ടതോടെ ഡിബിന്‍ ഞെട്ടിത്തരിച്ചു. എന്നാല്‍ തന്റെ അസ്വസ്ഥത മാറിയതിന്റെ സന്തോഷത്തിലാണ് പ്ലാന്റര്‍ കൂടിയായ ഡിബിന്‍.