മലപ്പുറം: മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ വീടിനുമുന്നില്‍ സത്യാഗ്രഹ സമരം നടത്തി യുവതി. മഞ്ചേരിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേശിനിയുടെ സത്യാഗ്രഹം.
നാല് ദിവസത്തെ സത്യാഗ്രഹത്തിന് ശേഷം തമിഴ്നാട് പൊലീസിന് പരാതി നല്കാന് യുവതി ചെന്നൈയിലേക്ക് മടങ്ങി. ചെന്നൈയില്‍ വെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്.
ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്കി ഏഴ് മാസത്തോളം ഒന്നിച്ചു താമസിച്ചു. പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് യുവതിയുടെ പരാതി. നാല് ദിവസം മുമ്പാണ് യുവതി യുവാവിന്റെ വീട്ടിലെത്തിയത്.
വിവരമറിഞ്ഞതോടെ പണം നല്കി തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി. പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ വീട്ടുകാര്‍ വീട് പൂട്ടി അയല്പക്കത്തെ ബന്ധു വീട്ടിലേക്ക് മാറി. തുടര്‍ന്ന് യുവതി യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം തുടങ്ങി. പൊലീസ് സ്ഥലത്തെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഇവിടെവെച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ചെന്നൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് യുവതി തയ്യാറായി. നിയമ നടപടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസും ഉറപ്പ് നല്കി. ഇതോടെ നാല് ദിവസത്തെ സത്യഗ്രഹം അവസാനിപ്പിച്ച് യുവതി ചെന്നൈയിലേക്ക് മടങ്ങി.