താമരശ്ശേരി: സൈക്കിള്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതിന് മകളെയും ഭാര്യയെയും ആക്രമിച്ച പ്രതി ഒളിവില്‍ തുടരുന്നു. പരപ്പന്‍പൊയില്‍ സ്വദേശി മേടോത്ത് ഷാജിയാണ് ഒളിവില്‍ കഴിയുന്നത്. അറസ്റ്റ് വൈകുന്നതില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നതായി ഭാര്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
മകളുടെ കൈ പിടിച്ച് ഒടിച്ച ഷാജി, ചൂടുവെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ഭാര്യ ഫിനിയയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഈ മാസം ഏഴിനായിരുന്നു അക്രമം. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശരിക്ക് കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് കുടുംബം പറയുന്നു.
തനിക്ക് പൊലീസുകാരുമായും മറ്റും അടുത്ത ബന്ധമുള്ളതായി ഷാജി പറയാറുണ്ടായിരുന്നുവെന്ന് ഭാര്യാമാതാവ് പറഞ്ഞു. ഷാജിയുടെ അറസ്റ്റ് വൈകുന്നതില്‍ ആശങ്ക അറിയിച്ച് വടകര റൂറല്‍ എസ്.പിക്ക് പരാതി നല്കി കാത്തിരിക്കുകയാണ് ഫിനിയയും കുടുംബവും.
പന്ത്രണ്ട് വര്‍ഷത്തെ കുടുംബജീവിതത്തിനിടെ പല തവണ മകള്‍ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഫിനിയയുടെ മാതാവ് ഫൗസിയ പറഞ്ഞു. പരാതിയില്‍ താമരശേരി പൊലീസ് കേസെടുത്തെങ്കിലും ഷാജിയെ പിടികൂടിയിട്ടില്ല. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.