കളമശേരി: വര്‍ഷങ്ങള്‍ക്ക് മു്മ്പ് വിറ്റ തന്റെ തയ്യല്‍ മെഷീന് തിരികെ വേണമെന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി പഴയ ഉടമ. കൊച്ചിയിലാണ് സംഭവം. തയ്യല്‍മെഷീന്റെ പേരില്‍ പുതിയ ഉടമയും പഴയ ഉടമയും തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യേറ്റ ശ്രമവും ഉണ്ടായി. തയ്യല്‍ തൊഴിലാളികളാണ് ഇരുവരും.
എച്ച്എംടി ജംക്ഷനിലെ രണ്ട് തയ്യല്‍ തൊഴിലാളികള്‍ തമ്മിലാണ് തര്‍ക്കം. ഇവരില്‍ ഒരാള്‍ വിറ്റ തയ്യല്മെഷീന് 8 വര്‍ഷം മുന്‍പ് മറ്റേയാള്‍ 8,000 രൂപ കൊടുത്താണു വാങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് താന്‍ വിറ്റ തയ്യല്‍ മെഷീന് തിരികെ വേണമെന്ന ആവശ്യവുമായി പഴയ ഉടമ എത്തിയത്.
മുന്‍ എംഎല്‍എയും ഈ ആവശ്യം ഉന്നയിച്ചു. പഴയ ഉടമ 10,000 രൂപ നല്‍കുമെന്നും തയ്യല്‍ മെഷീന് തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്നും മുന്‍ എംഎല്‍എ മുന്നറിയിപ്പ് നല്‍കിയതായും ആരോപണമുണ്ട്. തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷനിലെത്തി.
കുടുംബ സമേതമാണ് പഴയ ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാരണമില്ലാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിന്റെ നീരസം ഇപ്പോഴത്തെ ഉടമ മറച്ചുവച്ചില്ല. പഴയ ഉടമയുടെ കുടുംബം ശാപവാക്കുകള്‍ ഉതിര്‍ത്തതോടെ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു.
10,000 രൂപ വാങ്ങി തയ്യല്മെഷീന് തിരികെ നല്‍കുകയും ചെയ്തു. ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുവരും സമ്മതപത്രവും എഴുതി നല്കി.