ദുബായ്: മലയാളി വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു(21)വിന്റെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. അത്രയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ബാലുശ്ശേരി കാക്കൂല്‍ സ്വദേശിനിയാണ് റിഫ. ദുബായ് കരാമയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയാന്ന് രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാല്‍ റിഫ പോയിരുന്നില്ല.
മെഹ്നു പുലര്‍ച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോള്‍, റിഫയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഭാര്യ മരിച്ച വിവരം മെഹ്നു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കൂടാതെ, സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമര്‍ശനവും നടന്നു. റിഫയുടെ മരണത്തില്‍ ദുബായ് പൊലീസ് അന്വേഷണം നടത്തി വരികയാണ്. റിഫയും മെഹ്നുവും പരസ്പരം പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വര്‍ഷം മുന്‍പ് വിവാഹം കഴിക്കുകയുമായിരുന്നു.
റിഫയ്ക്ക് യു ട്യൂബില്‍ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷന്‍, റസ്റ്ററന്റുകളിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തല്‍, യാത്രകള്‍ എന്നിവയായിരുന്നു പ്രധാനമായും വിഡിയോ ചെയ്തിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്.
മെഹ്നുവിന് സംഗീത ആല്‍ബം നിര്‍മാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും ചേര്‍ന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.
രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനോടും ഏകമകന് അസാനോടുമൊപ്പം സന്ദര്‍ശക വീസയിലെത്തിയ ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയുമായിരുന്നു.മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെ നിര്‍ത്തി 20 ദിവസം മുന്‍പ് റിഫയും തിരികെയെത്തി. അതിനു ശേഷം ഇരുവരും ചേര്‍ന്ന് വീഡിയോ, സംഗീത ആല്‍ബം നിര്‍മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
2 ദിവസം മുന്‍പ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ കയറി ഇരുവരും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതു തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും.
സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് മെഹ്നുവിന്റെ സുഹൃത്ത് പറയുന്നു.
പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്കു കൊണ്ടുപോകാനാണു തീരുമാനം.