അങ്കമാലി: അങ്കമാലിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പേരില്‍ പൊലീസ് കേസെടുത്തു. ബസ് ഓടിച്ചിരുന്ന ശിവദാസെന്റ പേരില്‍ അങ്കമാലി പൊലീസാണ് കേസെടുത്തത്.
കോഴിക്കോടുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസാണ് അങ്കമാലി സെന്‍ട്രല്‍ ജങ്ഷനില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചത്. അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന അങ്കമാലി കിടങ്ങൂര്‍ വടക്കഞ്ചേരി വീട്ടില്‍ ബിനു (49), കിടങ്ങൂര്‍ സ്വദേശി ടിജോ ജോസഫ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
also read: മരണത്തിലും വേര്‍പിരിയാത്ത സൗഹൃദം, ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. നടുറോഡില്‍ തെറിച്ചുവീണ ബിനുവിന്റെ തലക്കും, കൈക്കും സാരമായി പരിക്കേറ്റു. അപകടം അറിഞ്ഞ ഡ്രൈവര്‍ ബസില്‍ നിന്നിറങ്ങുകയോ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ തയാറാകാതെ അല്പസമയം ബസ് റോഡില്‍ നിര്‍ത്തിയിട്ടശേഷം യാതൊരു പരിഹാരവും നല്‍കാതെ യാത്ര തുടരുകയായിരുന്നുവെന്നാണ് പരാതി.
ബിനുവിനെ പിന്നീട് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജങ്ഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാണ് കോഴിക്കോട് ഡിപ്പോയിലെ കെ.എല്‍ – 15എ 410 (ആര്.എസ്.കെ 833) നമ്പര്‍ ബസാണ് അപകടത്തിനിടയാക്കിയതെന്ന് തിരിച്ചറിഞ്ഞത്.