പേരൂര്‍ക്കട: ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പേരൂര്‍ക്കട സ്വദേശികളായ വിനീഷ്, സിദ്ധാര്‍ത്ഥ്, ടെഫിന് എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പടുകയായിരുന്നു. എപ്പോഴും ഒരുമിച്ച് കണ്ടിട്ടുള്ളവരെ പൈട്ടന്നൊരു നിമിഷം മരണം കവര്‍ന്നെടുത്തതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിനീഷും സിദ്ധാര്‍ഥും ബൈക്കില്‍ ടെഫിനിന്റെ വീട്ടിലെത്തി. അവിടെനിന്ന് ടെഫിനെയും കൂട്ടി പേരൂര്‍ക്കട ഭാഗത്തേക്കു വരുമ്പോഴാണ് നാലരമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വഴയില പാലത്തിനു സമീപം അപകടത്തില്‍പ്പെട്ടത്.
കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ സ്കൂളിലെ പഠനകാലത്തിനിടയിലാണ് വിനീഷും സിദ്ധാര്‍ഥും ടെഫിനും പരിചയപ്പെടുന്നതും പിന്നീടത് വേര്‍പിരിയാനാകാത്ത സൗഹൃദമായി മാറിയതും. ഒടുവില്‍ നിനച്ചിരിക്കാതെ മരണമെത്തിയപ്പോള്‍ ഒരുമിച്ചാണ് ആ കൂട്ടുകാര്‍ യാത്രയായതും.
പത്താം ക്ലാസ് കഴിഞ്ഞ് സിദ്ധാര്‍ഥിന് പഠിച്ച സ്കൂളില്‍തന്നെ പ്ലസ് വണ്ണിനു ചേരാന്‍ കഴിഞ്ഞു. വിനീഷിനും ടെഫിനും മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അഡ്മിഷന് ലഭിച്ചത്. എന്നാല്‍, സ്കൂള്‍ മാറ്റമൊന്നും ഇവരുടെ സൗഹൃദത്തെ വേര്‍പിരിക്കാനായില്ല. പരസ്പരം മൂന്നുപേരും മൂന്നു വീടുകളിലും എത്തുമായിരുന്നു.