കായംകുളം: ആലപ്പുഴയില്‍ ടിപ്പര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴില്‍ അനില ആണ് മരിച്ചത്. 23 വയസായിരുന്നു. അനിലയ്ക്ക് ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിക്ക് അപകടത്തില്‍ പരിക്കേറ്റു.
ഐശ്വര്യയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമല്ല. കായംകുളം ഒ.എന്‍.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവില്‍പീടിക ഭാഗത്തെ വളവില്‍ തിങ്കളാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. അനിലയും ഐശ്വര്യയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ നിന്ന് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
also read: വിദ്യയുടെയും നിധിന്റെയും വിവാഹം നാളെ, വിപിനില്ലാത്ത വേദനയില്‍ കുടുംബം
സ്കൂട്ടര്‍ ഓടിച്ചിരുന്നത് ഐശ്വര്യയാണ്. ടിപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് അനില ടിപ്പറിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലേക്ക് തെറിച്ചു വീണാണ് ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയത്. അനിലയും ഐശ്വര്യയും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
അനിലയുടെ ഭര്‍ത്താവ്: കായംകുളം കണ്ണമ്പള്ളിഭാഗം തെക്കേതലയ്ക്കല്‍ ഹരീഷ് (ദുബൈ). അച്ഛന്: സത്യപാലന്. അമ്മ: അമ്പിളി.