തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം നടത്താന്‍ ബാങ്കില്‍ നിന്നും വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ യുവാവ് ജീവനൊടുക്കിയ വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഗാന്ധിനഗര്‍ കുണ്ടുവാറ പച്ചാലപ്പൂട്ട് വിപിനാണ് ജീവനൊടുക്കിയത്. വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം നാളെ നടക്കും.
നിധിന് വിദ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. വിദ്യയുടെയും നിധിന്റെയും വിവാഹം നാളെ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് നടക്കുക. രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് വിവാഹം. വിവാഹത്തിന് ശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്ക് പോകും.
ജനുവരി പകുതിയോടെ നിധിന് ജോലിക്കായി വിദേശത്തേക്ക് പോകും. അധികം വൈകാതെ വിദ്യയെയും നിധിന് വിദേശത്തേക്ക് കൊണ്ടുപോകും. 12നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിപിന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.
വിപിന്റെ മരണം സംഭവിച്ച് 16ന് ശേഷം വിവാഹം നടത്താമെന്ന് ആയിരുന്നു ജ്യോത്സ്യന് നിര്‍ദേശിച്ചത്. ഇതോടെയാണ് 16ന് ശേഷമുള്ള ആദ്യ മുഹൂര്‍ത്തമെന്ന നിലയില്‍ നാളെ വിവാഹം നടത്തുന്നത്. നിതിനും വിദ്യയും രണ്ട് വര്‍ഷത്തില്‍ അധികമായി ഇഷ്ടത്തിലാണ്.
വിദ്യയുടെ വിവാഹത്തിന് സ്വര്‍ണം എടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിലാണ് വിപിന്‍ കുടുംബവുമായി നഗരത്തില്‍ എത്തിയത്. എന്നാല്ഡ ബാങ്കില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് അമ്മയെയും അനുജത്തിയെയും ജ്വല്ലറിയില്‍ ഇരുത്തി വീട്ടില്‍ എത്തിയ വിപിന്‍ തൂങ്ങി മരിക്കുകയായിരുന്നു.