ചെര്‍പ്പുളശ്ശേരി: രണ്ടുവയസ്സുകാരനെ കെട്ടിത്തൂക്കിയ ശേഷം അമ്മ ജീവനൊടുക്കി. കുറ്റാനശ്ശേരിയിലാണ് സംഭവം. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ മൂലം മകന് രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതിലുകള്‍ അടച്ച് രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് യുവതി തൂങ്ങിമരിക്കുകയായിരുന്നു.
ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആര്. ക്യാംപിലെ പോലീസുദ്യോഗസ്ഥന് സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും.
കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്കി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രജോഷിന്റെ ധീരമായ ഇടപെടല്‍മൂലമാണ് കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായതെന്ന് വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരന് പറഞ്ഞു.
ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്കുമൊപ്പമായിരുന്നു മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. ഭര്‍തൃവീട്ടില്‍ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയത്.