ചെറുതോണി: ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ടെന്റിന് തീപിടിച്ചതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് വീണ് മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്. നാല്പ്പത്തിനാല് വയസ്സായിരുന്നു. വിരമിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെയാണ് അപകടം.
തിങ്കളാഴ്ച അര്‍ധരാത്രി ബാരാമുള്ള ഭാഗത്ത് ക്യാമ്പിലെ ടെന്റില്‍ കാവല്‍ നില്‍ക്കുമ്പോഴാണ് തീപിടിച്ചത്. ടെന്റില്‍ ചൂട് നിലനിര്‍ത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയതായിരുന്നു അനീഷ്.
15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കാണ് വീണത്. തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. അത്യന്തം അപകടം പിടിച്ച പ്രദേശങ്ങളില്‍ അനീഷ് ജോസഫ് രാജ്യത്തിനായി സന്തോഷത്തോടെ പ്രവര്‍ത്തിച്ചു.
ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു. നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ നാട്ടിലെത്തിയിരുന്ന അനീഷ് വീടുപണിക്ക് നേരിട്ട് മേല്‍നോട്ടം നല്കിയിട്ടാണ് തിരികെ പോയത്.
പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ്. ഗുജറാത്തില്‍ സി.ആര്.പി.എഫ്. ഉദ്യോഗസ്ഥയായ സീനയാണ് (കോഴിക്കോട് കൂരാച്ചുണ്ട് കാനാട്ട് കുടുംബാംഗം) ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി എലന മരിയയും ആറാം ക്ലാസ് വിദ്യാര്‍ഥിനി അലോണ മരിയയുമാണ് മക്കള്‍.
സഹോദരങ്ങള്‍: ജോളി, ഷേര്‍ളി, റെജി (സെന്റ് ആന്റണീസ് ഗ്യാസ് ഏജന്‍സി അടിമാലി), ആന്റോ. സംസ്കാരം വൈകീട്ട് 5.30ന് കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.