കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടര്‍ന്ന് നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്. പലരും ഭര്‍തൃവീടുകളില്‍ നിന്നും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. സ്ത്രീധന പ്രശ്നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിതാ കമ്മീഷന് പറയുന്നു.
ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നാണ് വനിതാ കമ്മിഷന് അധ്യക്ഷ പി സതീദേവി വിശദമാക്കുന്നത്. വനിതാ കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് വധുവരന്മാര്ക്ക് നല്‍കുന്നത് ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കുമെന്നാണ് കമ്മീഷന് നിരീക്ഷിക്കുന്നത്. ഇത്തരം കൗണ്‍സിലിംഗ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും വനിതാ കമ്മീഷന് പറയുന്നു.
അതേസമയം, വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കള്‍ സംരക്ഷണം നല്‍കുന്നില്ലെന്നതാണ് വയോജനങ്ങള്‍ നല്കുന്ന പ്രധാനപരാതി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴാണ് കമ്മീഷന് ഇക്കാര്യം പറയുന്നത്.