മലപ്പുറം: മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്. നിലമ്പൂര്‍ എരഞ്ഞിമങ്ങാട്ടാണ് സംഭവം. എട്ട് വയസുകാരിയെയാണ് അധ്യാപകന് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ മദ്രസ അധ്യാപകന് റഫീഖിനെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു.
കുട്ടിയുടെ കാലില്‍ ചൂരല്‍കൊണ്ട് അടിയേറ്റ നിരവധി പാടുകളുണ്ട്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അധ്യാപകന് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാഠഭാഗം പഠിക്കാത്തതിനാണ് അധ്യാപകന് കുട്ടിയെ അടിച്ചത്.
Also Read: പ്രിയം റമ്മിനോട്; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികളുള്ളത് ആലപ്പുഴയില്‍, കുറവ് മലപ്പുറത്ത്
ഉടുപ്പിന് മുകളിലൂടെയും ഉടുപ്പ് പൊന്തിച്ചും അധ്യാപകന് അടിച്ചെന്ന് വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞു. അധ്യാപകന് മര്‍ദ്ദിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പരാതി കൊടുക്കുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കുകയായിരുന്നു.
എന്നാല്‍ സംഭവം അറിഞ്ഞ പ്രദേശത്തെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. ഇതിന് പിന്നാലെ അധ്യാപകന് എതിരെ നിലമ്പൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.