കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞെത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും അടിച്ചുമാറ്റി മുങ്ങിയ യുവതി പോലീസിന്റെ പിടിയില്‍. പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരി(38)യാണ് പിടിയിലായത്. ഏഴ് പവന് തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ കവര്‍ന്നത്.
സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ രോഗിയെ പരിചരിക്കാന്‍ ഹോം നഴ്സ് എന്ന വ്യാജേന എത്തി നവംബര്‍ 12 നാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ശ്രീജ മലപ്പുറം എന്ന സ്ത്രീയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ്, കോഴിക്കോടുള്ള ഹോം നഴ്സ് സ്ഥാപനത്തില്‍ ഇവര്‍ ജോലി നേടിയത്.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷീന യോഗേഷിന്റെ പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. കവര്‍ച്ച നടത്തിയതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സൈബര്‍സെല്ലിന്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചുമാണ് പിടികൂടിയത്.
അറസ്റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടേയും മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്റ്റര്‍ ബെന്നി ലാലുവിന്റേയും നേതൃത്വത്തിലാണ് അറസ്റ്റ്.