ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ കോര്ത്തുശ്ശേരിയിലാണ് സംഭവം. അറുപതുകാരിയായ അമ്മയേയും രണ്ട് ആണ്മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് മരണവാര്‍ത്ത പുറംലോകം അറിഞ്ഞത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 ആം വാര്‍ഡ് കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടില്‍ ആനി രഞ്ജിത്ത്(60), ലെനിന് (35) സുനില്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനി രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിലും ലെനിന്, സുനില്‍ എന്നിവരെ കിടപ്പു മുറികളിലെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അയല്‍വാസികളാണ് മൃതദേഹം കണ്ടത്. വീടിന് പുറത്തേയ്ക്കുള്ള വാതില്‍ തുറന്നിട്ടിരുന്ന നിലയിലായിരുന്നു. ഇവരുടെ പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. യുവാക്കള്‍ രണ്ട് പേരും അവിവാഹിതരാണ്. മക്കള്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.
ഇന്നലെയും മദ്യപിച്ചെത്തിയ സുനിലും രഞ്ജിത്തുമായി വീട്ടില്‍ വഴക്കുണ്ടായതായി പരിസരവാസികള്‍ പറയുന്നു. മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണ്ണഞ്ചേരി, മാരാരിക്കുളം പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് എത്തി.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.മാരാരിക്കുളം സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മത്സ്യതൊഴിലാളികളായിരുന്നു മരിച്ച യുവാക്കള്‍.