കല്പറ്റ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗെയ്റ്റ് ശരീരത്തിലേക്ക് മറിഞ്ഞ് വീണ് വയനാട്ടില്‍ രണ്ടു വയസുകാരന് മരിച്ചു. വയനാട് കമ്പളക്കാട് കുളങ്ങോട്ടില്‍ ഷാനിബ് – അഫ്നിത ദമ്പതികളുടെ മകന് മുഹമ്മദ് യാമിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
വീട്ടുമുറ്റത്തെ തകരാറുള്ള ഇരുമ്പ് ഗെയ്റ്റാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. കളിക്കുന്നതിനിടെ ഗെയ്റ്റ് കുട്ടിയുടെ ശരീരത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം യാമിലിന്റെ മാതാവ് അഫ്നിത സമീപത്തുണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ മേപ്പാടിയിലുള്ള ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗെയ്റ്റിന് തകരാര്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സ്ലൈഡ് ചെയ്ത് നീക്കാന്‍ കഴിയുന്ന ഗേറ്റിന്റെ ഇരുമ്പ് ടയറുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.