കൊച്ചി: കൊവിഡ് വാക്സിന് സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുതെന്നു മുന്നറിയിപ്പ് നല്കി പോലീസ്. കൊവിഡ് വാക്സിന് എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് സംഘങ്ങളുടെ കോളുകള്‍ നിരവധിയാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദേശം.
തട്ടിപ്പു സംഘങ്ങള്‍ ഫോണില്‍ വിളിച്ച് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കും. പിന്നീട് ഫോണിലേക്ക് വിളിയെത്തും. ഇതിനായി ആധാര്‍ നമ്പര്‍, ഇമെയില്‍ വിലാസം അടക്കമുള്ള വിവരങ്ങളാണ് ഇവര്‍ തേടുന്നത്. ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് രജിസ്ട്രേഷന് നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒടിപി അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.
രാജ്യത്ത് കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്കി. അടിയന്തര സാഹചര്യത്തില്‍ വാക്സിന് ഉപയോഗിക്കുന്നതിനാണ് അനുമതി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഡോ. വിജി സൊമാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
രണ്ടു വാക്സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്സിനാണ് കൊവാക്സിന്. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിന് വികസിപ്പിച്ചത്.
ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അറിയിച്ചു.