തലശ്ശേരി: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മിന്നും വിജയം നേടുമെന്ന് വ്യക്തമാക്കുകയാണ് ബിജെപി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ പരമ്പരാഗത കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാനത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന മലബാര്‍ മേഖലയിലും എന്‍ഡിഎ മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. തലശ്ശേരി മുനിസിപ്പാലിറ്റി 40-ാം വാര്‍ഡ് സെയ്താര്‍പള്ളി മദ്രസത്തില്‍ മുബാറക്ക് യുപി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളിതുവരെയില്ലാത്ത തരത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ക്ഷുഭിതരാണ്. തീവെട്ടിക്കൊള്ളയിലും അഴിമതിയിലും അധോലോക പ്രവര്‍ത്തനത്തിലുമുള്ള ക്ഷോഭമാണ് ജനങ്ങള്‍ക്കുള്ളതെന്നും ഇത് വോട്ടെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുടെ പരമ്പരയാണ് മുഖ്യമന്ത്രി നടത്തിയത്. പരാജയ ഭീതി കാരണമാണ് ഇത്തരം നടപടികള്‍. കോണ്‍ഗ്രസും-സിപിഎമ്മും തമ്മില്‍ പലയിടങ്ങളിലും ധാരണയിലാണെന്നും കൃഷ്ണദാസ് ആരോപിച്ചു.