ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ഘോര വനത്തിനുള്ളിലെ ചെട്യാലത്തൂര്‍ വനഗ്രാമത്തില്‍ ഇനിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം. കന്നുകാലി വളര്‍ത്തലും കൃഷിപ്പണികളുമായി ആദിമനിവാസികളും ചെട്ടിസമുദായക്കാരും വിരലിലെണ്ണാവുന്ന കുടിയേറ്റക്കാരുമാണ് ഉള്‍വന ഗ്രാമമായ ചെട്യാലത്തൂരില്‍ അധിവസിച്ചിരുന്നത്.
പുനരധിവാസം പൂര്‍ത്തിയാകാത്ത ഇവിടെ ആകെയുണ്ടായിരുന്ന മുന്നൂറ്റി ഇരുപതോളം വോട്ടര്‍മാരില്‍ ബാക്കിയെല്ലാവരും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പുതിയ ജീവിത ഇടങ്ങള്‍ കണ്ടെത്തി കാടൊഴിഞ്ഞു.
ജില്ലയില്‍ മൂന്നു പോളിങ് ബൂത്തുകളുള്ള ചുരുക്കം വാര്‍ഡുകളിലൊന്നാണ് ചെട്യാലത്തൂര്‍. നൂല്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്. വനമേഖലയിലെ വിവിധയിടങ്ങളിലായി വാര്‍ഡ് സ്ഥിതി ചെയ്യുന്നതിനാല്‍ മൂന്നു ബൂത്തുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
ചെട്യാലത്തൂര്‍ വനഗ്രാമത്തിനു പുറത്ത് കണ്ണങ്കോട് വിവേകാനന്ദ സബ്സെന്ററാണ് ഒരു ബൂത്ത്. മുക്കുത്തിക്കുന്ന് കുടുംബശ്രി ഹാളാണ് മറ്റൊന്ന്. വനഗ്രാമത്തിലുള്ളവര്ക്കായി ചെട്യാലത്തൂര്‍ ഗവ. എല്‍പി സ്കൂളില്‍ മൂന്നാമത്തെ ബൂത്ത് ഒരുക്കിയിരിക്കുന്നു. പുനരധിവാസം ഭാഗികമായി നടപ്പായപ്പോള്‍ 137 വോട്ടുകള്‍ ഇവിടെ നിന്ന് മാറ്റപ്പെട്ടു.
അതേസമയം, ബത്തേരിയിലെ തന്നെ കുറിച്യാട് വനഗ്രാമത്തിലെ സ്ഥിതി വ്യത്യസ്തമാണ്. സാധാരണനിലയില്‍ ഒരു വാര്‍ഡ് എന്നത് രണ്ടോ മൂന്നോ കിലോമീറ്റര്‍ പരിധിക്കുള്ളിലാണെന്നിരിക്കെ കുറിച്യാട് വനഗ്രാമത്തിലുള്ളവര്ക്ക് വോട്ട് ചെയ്യണമെങ്കില്‍ 29 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഒരു വാര്‍ഡിനുള്ളിലെ വോട്ടു ചെയ്യാനാണ് ഇത്രയും ദൂരം പോകേണ്ടതെന്നോര്ക്കണം.
നൂല്പുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കരിപ്പൂരില്‍ ഉള്‍പ്പെട്ടതാണ് കുറിച്യാട്. ഈ വനഗ്രാമത്തില്‍ 72 വോട്ടുകളാണ് ഉള്ളത്. വാര്‍ഡിലെ ബാക്കി വോട്ടുകളെല്ലാം കാടിന് പുറത്താണ്. അതുകൊണ്ടു തന്നെ വടക്കനാട് സ്കൂളിലാണ് ബുത്ത്. കുറിച്യാട് ഗ്രാമവാസികള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ വനമേഖലകള്‍ താണ്ടി ഇവിടെയെത്തിയേ പറ്റൂ.