ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ചാവക്കാട് സബ് ജയിലില്‍ കഴിയുന്ന തടവുകാരന് തൂങ്ങിമരിച്ചു. കുട്ടനെല്ലൂര്‍ കുരുതുകുളങ്ങര ബെന്‍സണ്‍ ആണ് ജീവനൊടുക്കിയത്. 22 വയസായിരുന്നു. ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്ന മുറിയിലാണ് ബെന്‍സണ്‍ ജീവനൊടുക്കിയത്.
കഴിഞ്ഞ മാസം 13 നാണ് പ്രതി റിമാന്‍ഡിലായത്. 2019 ഒക്ടോബര്‍ 15 നാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. ഇരുവരെയും കണ്ടെത്താനാകാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും പെണ്‍കുട്ടിയുടെ അച്ഛന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
അസിസ്റ്റന്റ് കമ്മിഷണര്‍ സിഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇവരെ കര്‍ണാടകത്തില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് ബെന്‍സണിന്റെ ഭാര്യ ജീവനൊടുക്കിയിരുന്നു. ബെന്‍സണിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.