തളിപ്പറമ്പ്: കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയര്‍ ടീമിലെ മുന്‍ അംഗത്തിന്റെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ലഭിച്ച ചിഹ്നം ഫുട്ബോള്‍. തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുന്ന പി ലതയ്ക്കാണ് മകന്റെ പ്രൊഫഷന് തന്നെ ചിഹ്നമായി ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലാണ് ലതയും.
വയല്‍ക്കിളി സമരത്തിലൂടെ ശ്രദ്ധേയനായ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയാണ്. മകന്റെ ഫുട്ബോളുമായാണു പ്രചാരണരംഗത്ത് അമ്മയുടെ വോട്ടഭ്യര്‍ത്ഥന. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ജൂനിയര്‍ ടീം അംഗമായിരുന്ന സഫ്ദര്‍ സുരേഷ് എറണാകുളം ജില്ലാ ഫുട്ബോള്‍ ടീമിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തു. യുഡിഎഫും എന്‍ഡിഎയും കീഴാറ്റൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനാല്‍ എല്‍ഡിഎഫും ലതയും നേരിട്ടാണു മത്സരം. എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിലെ പി വല്‍സലയാണ് മത്സര രംഗത്തുള്ളത്.