ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്തെ വരുമാനം നാമമാത്രം. കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് ഒരു ദിവസത്തെ വരുമാനം 3.32 കോടി രൂപയായിരുന്നു. ഇത്തവണ നട തുറന്ന് 5 ദിവസം പിന്നിടുമ്പോഴും 50 ലക്ഷം തികഞ്ഞില്ലെന്ന് അധികൃതര്‍ പറയുന്നു.
ഇതോടെ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തവണ ഒരു ദിവസത്തെ വരുമാനം 10 ലക്ഷത്തില്‍ താഴെ മാത്രമായിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാര്‍ സഹായം തേടുകയാണ് ബോര്‍ഡ്.
മാര്‍ച്ച് മുതല്‍ ഇതുവരെ 350 കോടി രൂപ വരുമാന നഷ്ടം കണക്കാക്കുന്നു. ശബരിമലയില്‍ ഒരു ദിവസത്തെ ചെലവിനു വേണ്ടത് 38 ലക്ഷം രൂപ വരെയാണ്. ഇത്തവണ തീര്‍ഥാടനം പരിമിതമാണ്. പ്രതിദിനം 1000 പേര്‍ക്ക് മാത്രമാണ് ദര്‍ശനം . ഇതുകാരണം കാണിക്ക ഇനത്തിലെ വരുമാനം കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞ വര്‍ഷം നാളികേരം, കടകള്‍ തുടങ്ങിയവയുടെ ലേലത്തിലൂടെ 35കോടി രൂപ ലഭിച്ചു. ഇത്തവണ എല്ലാം കൂടി 4 കോടി രൂപയ്ക്കാണ് ലേലം പോയത്. കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപയ്ക്ക് ലേലത്തില്‍ പോയ ഹോട്ടല്‍ 15 ലക്ഷത്തിനു പിടിച്ചതു തന്നെ നഷ്ടമാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
ശബരിമല ദര്‍ശനത്തിന് മുഴുവന്‍ ഭക്ത ജനങ്ങളെയും വെര്‍ച്വല്‍ ക്യു ഒഴിവാക്കി കോവിഡ് മാനദണ്ഡം പാലിച്ചും ആചാര അനുഷ്ഠാനങ്ങള്‍ പുനഃസ്ഥാപിച്ച് പരമ്പരാഗത രീതിയില്‍ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയന് ആവശ്യപ്പെട്ടു.