ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നു. 2022 മാര്‍ച്ച് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മൊത്ത ആസ്തി രണ്ട് കോടിയിലധികമാണ്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2,23,82,504 രൂപയാണ് നരേന്ദ്ര മോദിയുടെ മൊത്ത ആസ്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. മോദിയുടെ ബാങ്ക് അക്കൗണ്ടില്‍ 46,000 രൂപയാണുള്ളത്. അവസാനമായി ആസ്തി വിവരങ്ങള്‍ പങ്കുവച്ചതില്‍ നിന്നും 26 ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
also read: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടം ആയിരങ്ങള്‍
32,520 രൂപയാണ് കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ കൈവശം ചെലവിനായുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 46,555 രൂപയാണ് അക്കൗണ്ട് തുക. ഇതേ ബാങ്കിലെ സ്ഥിര നിക്ഷേപവും മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് പദ്ധതിയും പരിഗണിക്കുമ്പോള്‍ 2,10,33,226 രൂപയാണ് ആസ്തി.
കടപ്പത്രങ്ങള്‍, ഓഹരികള്‍, കമ്പനികള്‍, മ്യൂച്ച്വല്‍ ഫണ്ട്സ് എന്നിവയില്‍ പ്രധാനമന്ത്രിക്ക് നിക്ഷേപങ്ങളില്ല. ദേശീയ സമ്പാദ്യ സാക്ഷ്യപത്രത്തില്‍ 9,05,105 രൂപയാണ് കാണിച്ചിരിക്കുന്നത്. 1,89,305 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളസിയും മോദിയ്ക്കുണ്ട്.
വ്യക്തിഗത വായ്പകളൊന്നും തന്നെ എടുത്തിട്ടില്ല. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മുന്‍കൂറായി പണം നല്‍കിയിട്ടുമില്ല. പ്രധാനമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണത്തിന്റെ ആസ്തി 1,73,063 രൂപയാണ്. 45 ഗ്രാം തൂക്കം വരുന്ന നാല് മോതിരങ്ങളാണ് കൈവശമുള്ള സ്വര്‍ണ്ണം.