ലഖ്നൗ: ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി നാല് മാസം ഗര്‍ഭിണിയാണെന്ന് കാട്ടി പൊലീസില്‍ പരാതി നല്കി വരനും മാതാവും. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്ന് യുവതി ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞു.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്. പിന്നാലെ നടത്തിയ സൊനോഗ്രാഫി പരിശോധനയ്ക്ക ശേഷം യുവതി തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു.
ഇതോടെ അവരെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവും മാതാവും വിസമ്മതിച്ചു. പിന്നാലെയാണ് പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചത്. ഒന്നരമാസം മുമ്പ് മാത്രമാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞതെന്നും പരാതിയില്‍ അന്വേഷണം നടത്തണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.
ഒരു ബന്ധു വഴിയാണ് താന്‍ ഈ വിവാഹ ബന്ധത്തിലേക്ക് എത്തിയതെന്നും കബളിപ്പിക്കപ്പെട്ടുവെന്നും വരന് പരാതിയില്‍ പറയുന്നു. യുവതിക്കും കുടുംബത്തിനും ഗര്‍ഭ വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതാണെന്നും യുവാവ് ആരോപിച്ചു.