ഭോപ്പാല്‍: കുഞ്ഞിനെ പരിചരിക്കാനെത്തി രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. രജനി ചൗധരി(30) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.
നാലുമാസം മുമ്പാണ് രജനി വീട്ടില്‍ ജോലിക്കെത്തിയത്. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. മാതാപിതാക്കള്‍ പകല്‍സമയം ജോലിക്ക് പോകുന്നതിനാലാണ് രജനി ചൗധരിയെ കുഞ്ഞിനെ പരിചരിക്കാനായി വീട്ടില്‍നിര്‍ത്തിയിരുന്നത്.
മാസം 5000 രൂപയും ഭക്ഷണവും താമസവുമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. അടുത്തിടെയായി കുട്ടിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഏറെനേരം നിശബ്ദനായി ഇരിക്കുന്നതും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തെത്തിച്ചു.
കുഞ്ഞിന്റെ ആന്തരികാവയവങ്ങളിലടക്കം പരിക്കുണ്ടെന്ന് പരിശോധനയില്‍ ഡോക്ടര്‍ കണ്ടെത്തി. ഇതോടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയും വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രജനി ചൗധരി കുഞ്ഞിനെ മര്‍ദിച്ചതായി കണ്ടെത്തിയത്.