പാമ്പുകളുടെ വാസസ്ഥലമായി മാറി ഒരു വീട്. നടുക്കുന്ന സംഭവം ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ്. രഞ്ജിത് സിങ് എന്നയാളുടെ വീട്ടിലാണ് അറുപതോളം പാമ്പുകളെയും മുട്ടകളും കണ്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പുപിടുത്തക്കാര്‍ മുഴുവന്‍ പാമ്പുകളെയും പിടികൂടി.
രഞ്ജിത് സിങ് തന്റെ വീട് വളരെ കാലമായി വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. ബുധനാഴ്ച വാഷിങ് മെഷീന്റെ അരികിലൂടെ പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്നത് കണ്ട് വാടകക്കാരാണ് രഞ്ജിത് സിങ്ങിനെ കാര്യം അറിയിച്ചത്. പാമ്പ് പിടിത്തക്കാര്‍ സ്ഥലത്തെത്തി കുളിമുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം തിരിച്ചറിഞ്ഞത്.
കുളിമുറിയുടെ തറ പൊളിച്ച് പരിശോധിച്ചപ്പോള്‍ അറുപത് പാമ്പുകളെയും 75 മുട്ടത്തോടുകളുമാണ് കണ്ടെത്തിയത്. മുഴുവന്‍ പാമ്പുകളെയും പിടികൂടി. പിന്നീട് ഇവയെ സമീപത്തുള്ള വനത്തില്‍ കൊണ്ടുപോയി സ്വതന്ത്രരാക്കി. വീട്ടില്‍ നിന്ന് കൂട്ടത്തോടെ പാമ്പിനെ കണ്ടെത്തിയതോടെ പരിസരവാസികളാകെ പരിഭ്രാന്തിയിലാണ്.
ഈ വീട്ടില്‍ വന്‍തോതില്‍ മാലിന്യമുണ്ടായിരുന്നതായും കൂടാതെ ഡ്രെയ്നേജ് സംവിധാനം ശരിയല്ലാത്തതുമാണ് ഇത്രയധികം പാമ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.