ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിന് ഓട്ടത്തിനിടെ തീപ്പിടിച്ചു. സ്കൂട്ടര്‍ യാത്രികന് തീ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ചാടിയിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ഹൊസൂരിലാണ് നടുക്കുന്ന സംഭവം. ഇരുപത്തിയൊമ്പതുകാരനായ സതീഷ് ആണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ബൊമ്മചന്ദ്ര ഭാഗത്തെ സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന സതീഷ് ഒരു വര്‍ഷമായി ഈ സ്കൂട്ടര്‍ ഉപയോഗിക്കുന്നു. പതിവുപോലെ സ്കൂട്ടറില്‍ ഓഫിസിലേക്ക് പോകവെയാണ് ജുജൂവാടിക്ക് സമീപംവെച്ച് തീപിടിച്ചത്.
സീറ്റിനടിയില്‍ തീ ശ്രദ്ധയില്‍പെട്ടതോടെ സതീഷ് ചാടിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ സ്കൂട്ടറില്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ സിപ്കോട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തമിഴ്നാട്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപ്പിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. വേനല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏഴാമത്തെ ഇലക്ട്രിക് വാഹന തീപിടിത്തമാണ് ഇന്നുണ്ടായത്. ഈയിടെ ഇ-സ്കൂട്ടറിന് തീപിടിച്ച് ചെന്നൈയിലെ ഒകിനാവ ഡീലര്‍ഷിപ്പ് ഷോറൂം കത്തിനശിച്ചിരുന്നു.