ചെന്നൈ: മൂന്നുവര്‍ഷം നീട്ടിവളര്‍ത്തിയ ഇടതൂര്‍ന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യാനൊരുങ്ങി 13കാരന്. തൃശൂര്‍ മണ്ണുത്തി വാരണക്കുടത്ത് കലാമണ്ഡലം ശ്രീജ ആര് കൃഷ്ണന്റെയും കലാമണ്ഡലം സത്യനാരായണന്റെയും മകനായ യദു കൃഷ്ണനാണ് എല്ലാവര്ക്കും മാതൃകയാവുന്നത്.
നീണ്ട മുടികണ്ട് എല്ലാവരും എട്ടാം ക്ലാസുകാരനായ യദുകൃഷ്ണനെ ആദ്യം പെണ്‍കുട്ടിയാണെന്നേ കരുതുകയുള്ളൂ.മകളുടെ പേരെന്താണെന്ന് ചോദിക്കുന്നവരോട് മാതാപിതാക്കള്‍ക്ക് ഉത്തരംനല്കി ക്ഷമകെട്ടു. മൂന്നു വര്‍ഷം മുമ്പ് അമ്മയുടെ മൊബൈല്‍ ഫോണില്‍ മുടികൊഴിഞ്ഞ കാന്‍സര്‍ രോഗികളുടെ ദൃശ്യം കണ്ടതോടെയാണ് യദുകൃഷ്ണന്റെ മനസ്സിലിഞ്ഞത്.
also read: ആശ്വസിക്കാം; സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 1000ത്തിലധികം രൂപ, വില അറിയാം
തന്റെ മുടിയും കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിക്കൂടേയെന്ന് അവന് അമ്മയോടു ചോദിച്ചു. അവന്റെ ചോദ്യം കേട്ട് ശ്രീജയും ഭര്‍ത്താവും അഭിമാനം കൊണ്ടു. അന്ന് അവന് എടുത്ത ദൃഢപ്രതിജ്ഞയുടെ അടയാളമാണ് ഇന്നു കാണുന്ന 36 സെന്റിമീറ്റര്‍ നീളമുള്ള മുടി.
യദു ഒരാഴ്ചയ്ക്കകം മുടി മദ്രാസ് മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് ദാനം ചെയ്യും. കഴിഞ്ഞ ഒന്നര മാസമായി യദുകൃഷ്ണന് സ്കൂളില്‍ പോകുന്നില്ല. മുടി വെട്ടിയില്ലെങ്കില്‍ ക്ലാസില്‍ കയറ്റില്ലെന്ന് പ്രിന്‍സിപ്പലിന്റെ നിര്‍ദേശമുണ്ട്. എങ്കിലും അവന്റെ നന്മ തിരിച്ചറിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
ഇനി റഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പായി മുടി ദാനംചെയ്ത് യദുകൃഷ്ണന് സ്കൂളിലെത്തും. മുടി നീട്ടി വളര്‍ത്തിയ ശേഷം മകന് ഒരുപാട് പരിഹാസങ്ങള്‍ അനുഭവിക്കേണ്ടി വന്നതായി അമ്മ ശ്രീജ പറയുന്നു. ”പലരും പരിഹസിക്കുമ്പോള്‍ ഞങ്ങള്‍ സമാധാനിപ്പിക്കും. ഒരുഘട്ടത്തില്‍ തീരെ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മുടിവെട്ടാന്‍ തീരുമാനിച്ചതാണ്. പക്ഷേ, അവന് സമ്മതിച്ചില്ല. ഇത്രയും കാലം നീട്ടിവളര്‍ത്തിയ മുടി ആര്‍ക്കും ഉപകാരപ്പെടാതെ പോകുമല്ലൊ എന്ന് സങ്കടപ്പെട്ടു. ഇപ്പോള്‍ അവന് വ്യക്തമായി അറിയാം താന്‍ ചെയ്യുന്നത് ശ്രേഷ്ഠമായ കാര്യമാണെന്ന്. ഞങ്ങള്‍ക്കും ഏറെ അഭിമാനം തോന്നുന്നു’ – ശ്രീജ പറയുന്നു.