തന്നെ മര്‍ദ്ദിച്ച സ്കൂള്‍ അധ്യാപികയ്ക്കെതിരെ പരാതിയുമായി മൂന്നാംക്ലാസ്സുകാരന്‍ പോലീസ് സ്റ്റേഷനില്‍. തെലങ്കാനയിലാണ് സംഭവം. ബയ്യാരം സ്വകാര്യ സ്കൂളിലെ കണക്ക് അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാംക്ലാസ്സുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
കുട്ടിയെ കണ്ട് പോലീസുദ്യോഗസ്ഥ ആദ്യമൊന്ന് ഞെട്ടി. പിന്നീട് സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. എസ്ഐ രമാ ദേവിയുടെ മുന്നിലാണ് കുട്ടി പരാതിയുമായി എത്തിയത്. മൂന്നാം ക്ലാസുകാരന് അനില്‍ എന്ന വിദ്യാര്‍ഥിയാണ് സ്റ്റേഷനിലേക്ക് നടന്നെത്തി പരാതിപ്പെട്ടത്.
ക്ലാസിനിടെ ബഹളം വച്ചതിനും പാഠഭാഗം പഠിക്കാതെ വന്നതിനും അധ്യാപിക വഴക്ക് പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് കുട്ടിയുടെ പരാതി. ക്ലാസ് കഴിഞ്ഞതോടെ സ്കൂളില്‍ നിന്നിറങ്ങി നടന്ന് 200 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. വ
നിതാ എസ്.ഐയെ കണ്ട് കാര്യം പറഞ്ഞു. അധ്യാപികയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതി വിശദമായി കേട്ട എസ്.ഐ നേരിട്ട് സ്കൂളിലെത്തി പരാതിയെ കുറിച്ച് അന്വേഷണം നടത്തി. പിന്നീട് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചാണ് എസ്ഐ മടങ്ങിയത്.
കുട്ടിയും അധ്യാപികയും തമ്മില്‍ ഒത്തുതീര്‍പ്പിലായെന്നും കുട്ടികളെ തല്ലരുതെന്ന് അധ്യാപികയ്ക്ക് നിര്‍ദേശം നല്‍കിയെന്നും എസ്.ഐ വ്യക്തമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. വളരെ സ്നേഹത്തോടെ കുട്ടിയോട് സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥയും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ താരമാണ്.