ഭോപ്പാല്‍: പുള്ളിപ്പുലിയുടെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായി സ്വന്തം ജീവന് പോലും മറന്ന് പോരാടിയ ഒരു അമ്മയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയെ. മധ്യപ്രദേശിലാണ് സംഭവം. സിദ്ധി ജില്ലയിലെ സഞ്ജയ് ഗാന്ധി ദേശീയ പാര്ക്കിന് സമീപമുള്ള ഗ്രാമത്തിലെ ആദിവാസി സ്ത്രീയാണ് പുലിയെ തോല്‍പ്പിച്ച് പുലിയുടെ വായില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്.
ദേശീയോദ്യാനത്തിന് സമീപം സംരക്ഷിതമേഖലയിലെ ബാഡി ജിരിയ ഗ്രാമത്തിലാണ് കിരണും മകനും താമസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം കുടിലിന് പുറത്ത് തീകാഞ്ഞ് ഇരിക്കുകയായിരുന്ന കിരണിനും മക്കള്‍ക്കും നേരെ പുലി കുതിക്കുകയായിരുന്നു.
Also Read: ‘ജവാദ്’ ചുഴലിക്കാറ്റ് തീരം തൊടും; കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത, മുന്നറിയിപ്പ്
ആറുവയസ്സുള്ള രാഹുലും അവന്റെ രണ്ട് സഹോദരങ്ങളുമാണ് അമ്മയുടെ സമീപത്തിരുന്നിരുന്നത്. ഇതിനിടെ കാട്ടില്‍ നിന്നും ഇറങ്ങിയെത്തിയ പുള്ളിപുലി രാഹുലിനേയും കടിച്ചുകൊണ്ട് കാട്ടിലേക്ക് കുതിച്ചത്. തന്റെ കണ്മുന്നില് വെച്ച് മകന് ആക്രമിക്കപ്പെട്ടപ്പോള്‍ നോക്കി നില്ക്കാന് കഴിഞ്ഞില്ല.
കിരണ്‍ ചെറിയ കുഞ്ഞിനെ മൂത്ത കുട്ടിയുടെ അടുത്തേല്‍പ്പിച്ച് പുലിക്ക് പിന്നാലെ പാഞ്ഞടുക്കുകയായിരുന്നു. ഒരു കിലോമീറ്ററിലധികം കാട്ടിലൂടെ പുലിയെ പിന്തുടര്‍ന്ന ഇവര്‍ ആദ്യം വടിയുപയോഗിച്ച് പുലിയെ നേരിടുകയും ശബ്ദമുണ്ടാക്കി പുലിയെ ഭയപ്പെടുത്തുകയുമായിരുന്നു.
ആക്രമണത്തില്‍ കുഞ്ഞിനും തനിക്കും മുറിവുകളേറ്റിട്ടും രക്തം ഒഴുകിയിട്ടും അവര്‍ വിട്ടില്ല. പുലിയുടെ വായില്‍ കുരുങ്ങിയ മകനെ വായ പിളര്‍ത്തിയാണ് തിരികെ സ്വന്തമാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ കിരണിന്റെ ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കിരണിന്റെ ധൈര്യത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തു. സംസ്ഥാന വനംവകുപ്പ് കിരണിന്റെയും മകന്റെയും ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.