വാല്പാറ: കളിച്ചുകൊണ്ടിരിക്കെ പന്ത്രണ്ട് വയസ്സുകാരന്റെ മേല്‍ പുലി ചാടി വീണു. വാല്പാറ സമീപം ഉള്ള ഷോളയാര്‍ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടല്‍ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകന് ഈശ്വരന്റെ മേലാണ് പുലി ചാടി വീണത്.
പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിലും കയ്യിലും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഈശ്വരയും മൂത്ത സഹോദരനും മറ്റു രണ്ടു കുട്ടികളും ചേര്‍ന്നു വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണു സംഭവം. തൊട്ടടുത്തുള്ള തേയിലത്തോട്ടത്തില്‍ നിന്നു ചാടിവീണ പുലി കുട്ടിയുടെ കഴുത്തിനു പിടിക്കുകയായിരുന്നു.
ഇതുകണ്ട മറ്റു കുട്ടികള്‍ കരഞ്ഞു ബഹളം വയ്ക്കുന്നത് കേട്ട് തേയിലത്തോട്ടത്തില്‍ നിന്നുള്ളവര്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും പുലി പിടിവിട്ടു തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ഷോളയാര്‍ എസ്റ്റേറ്റ് വക ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്കി.
പിന്നീട് വാല്പാറ ഗവ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, ഗുരുതരമായ പരുക്കായതിനാല് പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി.