ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.
ചാക്കോയുടെ വരവ് എന്‍സിപിയെ ശക്തിപ്പെടുത്തുമെന്ന് പവാര്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഇടതുമുന്നണിക്കായി പ്രചാരണം നടത്തുമെന്നു ചാക്കോ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തിയാണു പിസി ചാക്കോ പാര്‍ട്ടിവിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ മാത്രമാണുള്ളതെന്നും ആരോപിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലുള്ളതു പോലുള്ള വീതംവയ്പ് അന്നുണ്ടായിരുന്നില്ലെന്നും ചാക്കോ പറഞ്ഞു.
മാത്രമല്ല, കോണ്‍ഗ്രസില്‍ ജനാധിപത്യ മര്യാദയില്ലെന്ന് ചൂണ്ടിക്കാണിച്ച പിസി ചാക്കോ സംസ്ഥാന കോണ്‍ഗ്രസില്‍ വിഎം സുധീരനെ ഗ്രൂപ്പുകാര്‍ ശ്വാസം മുട്ടിച്ച് പുറത്താക്കുകയായിരുന്നുവെന്ന് ആരോപിച്ചു.
അതേസമയം ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി വ്യത്യസ്തമല്ലെന്നും ചാക്കോ പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി