ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കാലികള്‍ കോടിക്കണക്കിനു രൂപയുടെ കൃഷി നശിപ്പിക്കുന്നായി പരാതി. പശുക്കളില്‍നിന്ന് കൃഷിക്ക് സംരക്ഷണം തേടി രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷകര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ സാഹചര്യത്തെ മുതലെടുത്ത് ഗോശാലകള്‍ പണിയാനും അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാനുമായി ബജറ്റില്‍ 600 കോടി രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
കര്‍ഷകരുടെ രോഷം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാലികളെ ജനുവരി 10-നകം ഗോശാലകളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തര്‍പ്രദേശില്‍ പശു ശല്യം തുടരുകയാണ്.
ബിജെപി അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് പശുക്കളെ അറവിനായി വില്‍ക്കുന്നതും അറവുശാലകളും നിരോധിച്ചിരുന്നു. ഇതോടെ പ്രായമായ പശുക്കളെ സംരക്ഷിക്കുന്നത് ബാധ്യതയായി മാറിയിരിക്കുകയാണ്. കൂടാതെ പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ മര്‍ദനമേല്‍ക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ കറവവറ്റിയ കാലികളെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവയാണ് തെരുവില്‍ അലഞ്ഞുതിരിയുന്നത്. ദിനംപ്രതി പശുക്കളുടെ എണ്ണം കൂടിവരികയാണ്. തീറ്റകിട്ടാത്ത കാലികള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിയത്.