ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാളികള്‍. മഡോണയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ആദരാഞ്ജലികളും ട്രോളുകളും വന്നു നിറഞ്ഞത്.
മഡോണയുടെ ചിത്രം വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള വാട്സാപ്പ് സ്റ്റാറ്റസുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ മലയാളികളുടെ അതിര്കടക്കുന്ന ഇത്തരം തമാശകള്‍ക്ക് തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. മറഡോണയുടെ പേരിന് സമാനമായ പേര് ഒന്നുമാത്രമാണ് മഡോണയ്ക്ക് ആദാരാഞ്ജലി നേരാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നത്.
നിരവധി പേരാണ് ആദരാഞ്ജലി കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം സംഭവത്തില്‍ നടി മഡോണ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേയും മഡോണയ്ക്കെതിരെ മലയാളികള്‍ ഇതുപോലെ ട്രോളുകളുമായെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫുഡ്ബോള്‍ മാന്ത്രികന് മറഡോണ വിടവാങ്ങുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.