കുഞ്ചാക്കോ ബോബനും കുടുംബവും നയന്താരയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നയന്‍താര ഇസക്കുട്ടനെ എടുത്ത് നില്ക്കുന്ന ചിത്രം ചാക്കോച്ചന് തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ‘പ്രിയ ഇടയില്‍ കയറി ഒരൊറ്റ നില്‍പ്പായിരുന്നു.’ ‘ഇസുവിനെ നോക്കാന്‍ നയന്‍താരയെ വച്ച ചാക്കോച്ചന് മാസാണ്’ ഇങ്ങനെ നീളുന്നു ആരാധകരുടെ ചര്‍ച്ചകള്‍. എന്നാല്‍ ചാക്കോച്ചന്റെ മെലിഞ്ഞ രൂപം കണ്ട് സങ്കടപ്പെടുന്നവരാണ് ഏറെയും.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്നത്. ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ചാക്കോച്ചന് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിഴല്‍ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയന്‍താരയുടെയും കഥാപാത്രം എത് തരത്തിലുള്ളതായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. 25 ദിവസമാണ് നയന്‍താര നിഴലിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്.
എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എന്‍ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമ ആണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.