നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാളിമനസുകളിലേക്ക് ചേക്കേറിയ നായികയാണ് നമ്മുടെ സ്വന്തം ഐശ്വര്യ ലക്ഷ്മി. ടൊവിനോ നായകനായെത്തിയ മായാനദി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ താരം ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറുകയാണ്.
പൊന്നിയന്‍ സെല്വന്, ജഗമേ തന്തിരം എന്നീ തമിഴ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജഗമേ തന്തിരത്തില്‍ ധനുഷിനൊപ്പമാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഇന്ന് ധനുഷിന്റെ നായികയായി ബിഗ് സ്ക്രീനില്‍ എത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനില്‍ നിന്നും പുറത്തായ അനുഭവം മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് താരം.
“മൂന്ന് വര്‍ഷം മുമ്പാണ് ധനുഷ് സാറിനെ ആദ്യായി കാണുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷനു വേണ്ടിയായിരുന്നു പരിചയപ്പെട്ടത്. ഒരു തമിഴ് ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. കുറച്ച് തമിഴ് ഡയലോഗ്സ് ഒക്കെ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്തു. അന്ന് ആ സിനിമയില്‍ എന്നെ അദ്ദേഹം എടുത്തില്ല” എന്ന് ഐശ്വര്യ പറയുന്നു.
കാലം പിന്നിട്ടപ്പോള്‍ ജഗമേ തന്തിരത്തില്‍ ധനുഷും ഐശ്വര്യയും ഒരുമിച്ചു. അഭിനയിക്കുന്നതിനിടെ ഇക്കാര്യം തമാശ രീതിയില്‍ താന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി. എന്നാല്‍ അന്ന് തനിക്കു പറഞ്ഞു തന്ന ഡയലോഗ്സ് പോലും അദ്ദേഹത്തിന് ഓര്മയുണ്ടായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.
ജഗമേ തന്തിരം എന്ന ചിത്രത്തില്‍ മലയാളതാരം ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊന്നിയന്‍ സെല്വന് ഒരുമാസത്തെ ചിത്രീകരണത്തിന് ശേഷം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ഐശ്വര്യ അറിയിച്ചു.