നല്ലൊരു അവസരം കിട്ടിയാലും മലയാളസിനിമയിലേക്ക് തിരിച്ചുവരവില്ലെന്ന് നടി രേണുക. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി എത്തിയ താരമാണ് രേണുക. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ മേഖലകയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരം വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് മാറി സ്ഥിരതാമസമാക്കുകയായിരുന്നു.
എന്നാല്‍ ഏറെ കാലത്തിന് ശേഷം രേണുക നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തില്‍ അവതാരകന് ചോദിച്ച ഒരു ചോദ്യത്തിന് താരം നല്കിയ മറുപടിയും ശ്രദ്ധേയമാണ്. നല്ലൊരു അവസരം കിട്ടിയാല്‍ വീണ്ടും മലയാളത്തിലേക്കൊരു തിരിച്ചുവരവുണ്ടാകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം പറയാന്‍ രേണുകയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കലുമില്ല എന്നായിരുന്നു രേണുക ഇതിനു നല്കിയ മറുപടി.
‘നായികമാരെ കിട്ടാത്ത അവസ്ഥയൊന്നും ഇപ്പോള്‍ മലയാള സിനിമയ്ക്കില്ലല്ലോ വളരെ ആകസ്മികമായി സിനിമയിലെത്തിയ ആളാണ് താന്‍. ഒരുപാട് പേര് സിനിമയ്ക്ക് പുറത്ത് ഒരവസരത്തിനായി കാത്തിരിക്കുന്നുണ്ടല്ലോ. താത്പര്യമില്ലാതെ വന്ന് അഭിനയിക്കുന്നതിലും നല്ലതല്ലേ അവരിലൊരാള്‍ക്ക് അവസരം കിട്ടുന്നത്’ എന്നായിരുന്നു രേണുകയുടെ മറുപടി.
നമ്മള് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ജിഷ്ണു തന്നെ ഉപദേശിക്കുമായിരുന്നുവെന്ന് രേണുക പറഞ്ഞു, മരണപെട്ട സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ രേണുക ഇമോഷണലാവുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളില്‍ അഭിനയിച്ച രേണുക അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ പതാകയിലാണ്.