മുട്ടം: കാശില്ലാതെ വരുന്നവര്‍ക്കും വയറുനിറയെ ഭക്ഷണം നല്‍കിയിരുന്ന മുട്ടംകാരുടെ സ്വന്തം അമ്മാവന് യാത്രയായി. അര പതിറ്റാണ്ട് മുമ്പ് ഈരാറ്റുപേട്ടയില്‍ നിന്നും മുട്ടത്തെത്തി പണം നോക്കാതെ മുട്ടംകാരുടെ വിശപ്പടക്കിയിരുന്ന ഇഞ്ചക്കാട്ടില്‍ ദാമോദരന്‍ (95) ആണ് വിടവാങ്ങിയത്.
10 വര്‍ഷം മുന്‍പ് വരെ മുട്ടം ടൗണില്‍ കഞ്ഞിക്കട നടത്തിയിരുന്ന ദാമോദരന്‍ മുട്ടം ടാക്സി സ്റ്റാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സിയ ഹോട്ടലില്‍ സഹായിയായാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മുട്ടത്തെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.
പണം ഇല്ലാതെ എത്തുന്നവര്‍ക്കും അമ്മാവന്റെ കടയിലെത്തിയാല്‍ വയറുനിറയെ ആഹാരം ലഭിച്ചിരുന്നു. ഒട്ടേറെ ആളുകളാണ് അമ്മാവന്റെ കയ്യില്‍ നിന്നും ആഹാരം വാങ്ങിക്കഴിച്ചിരുന്നത്. ടാക്സി സ്റ്റാന്റിന് സമീപം വാടകയ്ക്ക് എടുത്ത ഒറ്റമുറി വീട്ടില്‍ മകന് സജിയുമൊത്തായിരുന്നു അമ്മാവന്റെ താമസം.
ആരോഗ്യകാരണങ്ങളാല്‍ കഞ്ഞിക്കട നിര്‍ത്തി. പിന്നീട് ടാക്സി സ്റ്റാന്‍ഡിനു സമീപം ലോട്ടറി വില്പനയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തി. ഏറെ സൗമ്യനായ ദാമോദരനെ ബഹുമാനത്തോടെയാണ് എല്ലാവരും അമ്മാവന് എന്ന് വിളിച്ചിരുന്നത്. സമീപവാസിയായ ചിറയ്ക്കല്‍ വിജുവിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.