പന്തളം: ജപ്തിയായ വീടുംസ്ഥലവും നഷ്ടമാകാതെ തിരികെക്കിട്ടിയ രാജമ്മയ്ക്ക് വീടുവെയ്ക്കാന്‍ സഹായവുമായി ബിനോയ് വിശ്വം എംപിയും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും. വെള്ളിയാഴ്ചയാണ് ബിനോയ് വിശ്വം എംപിയും പന്ന്യന്‍ രവീന്ദ്രനും സഹായിക്കാമെന്ന് ലോണ്‍ നല്കിയ ബാങ്കിലെ മാനേജരെ അറിയിച്ചത്.
ജപ്തി നടപടിയിലൂടെ രാജമ്മയ്ക്കും സഹോദരങ്ങളായ രാജിക്കും കൃഷ്ണനും കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയെത്തിയപ്പോള്‍, ബാങ്കിലെ മാനേജര്‍ കെ സുശീലയും ജീവനക്കാരും മുന്‍കൈയെടുത്ത് പണംകണ്ടെത്തി വീടിന്റെ ആധാരം തിരികെ നല്‍കിയിരുന്നു. ഈ വാര്‍ത്ത പ്രചരിച്ചതോടെയാണ് രാജമ്മയ്ക്ക് സഹായവാഗ്ദാനങ്ങള്‍ എത്തിത്തുടങ്ങിയത്.
ആദ്യദിവസം തന്നെ വിവിധ സഹായങ്ങള്‍ നല്‍കാമെന്ന് പലരും അറിയിച്ചിരുന്നതായി മാനേജര്‍ കെ സുശീല പറഞ്ഞു. പകുതിപണിത വീട് പൂര്‍ത്തിയാക്കുകയാണ് ചില നല്ല മനസ്സുകളുടെ ലക്ഷ്യം. ഇതിനായി വീട് സന്ദര്‍ശിക്കുകയും ചെയ്തു.
നിര്‍ധന കുടുംബത്തെ സഹായിക്കാനായി ബാങ്ക് അക്കൗണ്ടിലേക്ക് അരലക്ഷത്തോളം രൂപ ലഭിച്ചു. അതേസമയം, രാജമ്മയുടെ ജപ്തിയായ വീടുംസ്ഥലവും പണംകണ്ടെത്തി തിരികെ നല്കിയ ബാങ്ക് മാനേജരെ ബാങ്കിന്റെ റീജണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.