കോന്നി: അമിതവേഗത്തില്‍ പാഞ്ഞ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന് രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് 12.30യോടെ കോന്നി – പൂങ്കാവ് റോഡില്‍ മരങ്ങാട്ടുമുക്കിനു സമീപം ആനക്കടവിലായിരുന്നു സംഭവം. കോന്നിയില്‍നിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പാചകവാതകവുമായി പോയ മിനിലോറിയില്‍ നിന്നാണ് റോഡിനു താഴെയുള്ള വീട്ടിലേക്ക് കാലിയായ സിലിണ്ടര്‍ തെറിച്ചു വീണത്.
വരാന്തയില്‍ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍തന്നെ ലോറി നിര്‍ത്തി ജോലിക്കാര്‍ ഇറങ്ങിവന്ന് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറയുകയും സിലിണ്ടര്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തെന്ന് വീട്ടുകാര്‍ പറയുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ അതുവഴി വന്ന കാറില്‍ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നു ശസ്ത്രക്രിയ നടത്തും.