റാന്നി: പരുവ ക്ഷേത്രഭരണസമിതിയുടെ സഹായത്തോടെ ആദിവാസി യുവതി ആതിര വിവാഹിതയായി. ഗംഭീരമായ ചടങ്ങുകള്‍, അലങ്കരിച്ച പൂപ്പന്തല്‍, വിഭവസമൃദ്ധമായ സദ്യ… തുടങ്ങി ഒന്നിനും ഒരു കുറവും വരുത്താതെ വധുവിന്റെ ഭാഗത്തെ എല്ലാ ചെലവുകളും ഏറ്റെടുത്തു നടത്തിയ വിവാഹത്തിന്റെ അഭിമാനത്തിലാണ് ക്ഷേത്രഭാരവാഹികള്‍.
പരുവ താന്നിമൂട്ടില്‍ ദാമോദരന്റെ മകള്‍ ആതിരയാണ് ക്ഷേത്രത്തിലെ ദേവീ നടയില്‍ ഞായറാഴ്ച രാവിലെ 11.30-നും 12-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വിവാഹിതയായത്. പള്ളക്കത്തോട് പാക്കാലയില് വിജയന്റെ മകന് വിശാഖാണ് ആതിരയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.
വിവാഹമെല്ലാം ഒത്തുവന്നെങ്കിലും ധനസ്ഥിതിയില്‍ ആശങ്കപ്പെട്ട ദാമോദരന്‍ ഈ വിഷമം ക്ഷേത്രഭരണസമിതിയംഗങ്ങളില് ചിലരുമായി നേരത്തെ പങ്കിവെച്ചിരുന്നു. ധൈര്യമായി മുന്നോട്ടുനീങ്ങിക്കൊള്ളാന് ഭരണസമിതി ദാമോദരനെ അറിയിച്ചു. വധുവിന്റെ ഭാഗത്തെ ചെലവുകള്‍ ഭരണസമിതി വഹിക്കാമെന്ന് ഉറപ്പുനല്‍കി. അങ്ങനെയാണ് ആതിരയുടെ വിവാഹം മംഗളമായി നടന്നത്.
നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഭരണസമിതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഈ സത്കര്‍മ്മവും മറ്റൊന്നും ആലോചിക്കാതെ ഏറ്റെടുത്തു നടത്തുകയായിരുന്നു. ക്ഷേത്രത്തില്‍ ഒരിക്കല്‍ സപ്താഹയജ്ഞഭാഗമായി രുക്മിണി സ്വയംവര ചടങ്ങ് നടന്നപ്പോള്‍ ഒരു വിവാഹം നടത്തിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ക്ഷേത്രഭരണസമിതി.