പാലക്കാട്: ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഇന്ന് വിരളമാണ്. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സ്വയം സന്നദ്ധനായി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധിയുണ്ട് പാലക്കാട് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍. വാര്‍ഡ് മെമ്പര്‍ കെ എ സുധീര്‍.
വീട്ടിലെ ഒരംഗത്തിനോടെന്ന പോലെയാണ് ഒന്‍പതാം വാര്‍ഡിലെ വീട്ടുകാര്‍ അവരുടെ പ്രശ്നങ്ങള്‍ സുധീറിന് മുന്നില്‍ നിരത്തുന്നത്. വോട്ട് തേടി വീടുകള്‍ കയറിയപ്പോള്‍ നേരിട്ടറിഞ്ഞ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ അപ്പോള്‍ മുതല്‍ തന്നെ സുധീര്‍ മുന്നിട്ടിറങ്ങി.
അമൃതസരണി കോളനിയിലും അങ്കവാല് പറമ്പിലും വഴിമുഴുവന്‍ പുല്ലുകയറിയതായിരുന്നു പ്രശ്നം. പുല്ല് വെട്ട് യന്ത്രം സംഘടിപ്പിച്ച് സുധീര്‍ നേരിട്ടിറങ്ങി ഇവിടെയെല്ലാം വെട്ടി വൃത്തിയാക്കി. പഞ്ചായത്തംഗമായി മാസം ഒന്നു തികഞ്ഞില്ലെങ്കിലും ഇതിനകം രണ്ടു വീടുകളില്‍ മരുന്ന് എത്തിച്ചുനല്‍കി. ഒരു വീട്ടില്‍ കുന്നുംപുറം ഗണേശോത്സവ സമിതിയുടെ സഹായത്തോടെ ചികിത്സാ സഹായം നല്കി.
കൊവിഡ് കാലമായതിനാല്‍ സ്വന്തം പണം മുടക്കി ഒരു ഫോഗ് സാനിറ്റൈസിങ് മെഷീന് വാങ്ങി. വാര്‍ഡില്‍ ഏത് വീട്ടില്‍ കൊവിഡ് രോഗി ഉണ്ടായാലും അവര്‍ നെഗറ്റീവായാല്‍ വീട് മുഴുവന്‍ സൗജന്യമായി അണുനശീകരണം ചെയ്തു നല്‍കും. ഇതിനകം എട്ടോളം വീടുകളില്‍ ഇത് ചെയ്തതായി സുധീര്‍ പറഞ്ഞു.
എന്നാല്‍ പഞ്ചായത്ത് അംഗം ആയതുകൊണ്ടു മാത്രം അല്ല. അതിനു മുന്‍പേ സേവന മേഖലയില്‍ സുധീറിന്റെ സാന്നിധ്യം ഇവിടത്തുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സുധീര്‍. ഒരു കാന്‍സര്‍ രോഗിക്ക് സഹായമെത്തിക്കാന്‍ സ്വന്തം അദ്ധ്വാനത്തിന്റെ പ്രതിഫലം മുഴുവനും സുധീറും സഹപ്രവര്‍ത്തകരും നിക്കിവച്ചിരുന്നു.
പിന്നീട് കൂട്ടത്തില്‍ ഒരാള്‍ക്ക് കിഡ്നി മാറ്റിവയ്ക്കേണ്ടി വന്നപ്പോഴും സുധീര്‍ മുന്നിട്ടിറങ്ങി ധനസമാഹരണം നടത്തിയിരുന്നു. അന്ന് മൂന്നുബസുകള്‍ ഒരു ദിവസത്തെ മുഴുവന്‍ കളക്ഷനും അതിനായി നീക്കിവെച്ചു. ഇങ്ങനെ സേവന രംഗത്ത് സജീവമായിരിക്കെയാണ് സുധീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.