ഗാന്ധിനഗര്‍: ലോകത്താകമാനം 103 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അത്യപൂര്‍വ ട്യുമറില്‍ നിന്നും ശസ്ത്രക്രിയയിലൂടെ യുവാവിന് പുനര്ജന്മം. കോതമംഗലം സ്വദേശി അഫ്സലി(20)നാണ് നട്ടെല്ലിനുള്ളില്‍ സുഷുമ്ന നാഡിയില്‍ വളര്‍ന്ന ക്യാപില്ലറി ഹിമാന്ജിയോമ ഓഫ് കൊണസ് മെഡുല്ലരിസ് എന്ന ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ജീവന് തിരിച്ചുപിടിച്ചത്.
കോട്ടയം തെള്ളകം മാതാ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ. ലോകത്താകമാനം 103 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂര്‍വമായ ഒരു ട്യുമറാണിത്. ഇരു കാലുകളിലേക്കും അസഹ്യമായ വേദനയും മരവിപ്പും മൂലം കട്ടിലില്‍ നിന്ന് എഴുന്നേല്ക്കാന് പോലുമാകാത്ത അവസ്ഥയിലായിരുന്നു രോഗി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയെ തുടര്‍ന്ന് പൂര്‍ണ സുഖം പ്രാപിച്ചതായി ന്യൂറോ സര്ജന് ഡോ. അനീസ് മുസ്തഫ അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം അനസ്തേഷ്യയോളജിസ്റ്റ് ഡോ. സീന ചെറിയാന്, പതോളജിസ്റ്റ് ഡോ. സില്‍വിയ സിറിയക് എന്നിവര്‍ ചേര്‍ന്നാണ് അഫ്സലിനെ ചികിത്സിച്ചത്.
വിവിധ ജേണലുകളില്നിന്ന് വിവരം ശേഖരിച്ചാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തതെന്ന് ഡോ. അനീസ് മുസ്തഫ പറഞ്ഞു. ട്യൂമര്‍ നീക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍, ജീവിതകാലം മുഴുവന്‍ കിടക്കയില്‍ കഴിയേണ്ടിവരുന്നതടക്കമുള്ള പ്രശ്നങ്ങള്‍ വെല്ലുവിളിയായിരുന്നു. എട്ടുമണിക്കൂര്കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.